വളർച്ചയുടെയും വെല്ലുവിളികളുടെയും പരിവർത്തനത്തിന്റെയും നിമിഷങ്ങൾ നിറഞ്ഞ ഒരു യാത്രയാണ് നമ്മുടെ ജീവിതം. കടന്നുപോയ നാളുകളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ മനസ്സിൽ നിറമുള്ള നിമിഷങ്ങളും സ്വപ്നങ്ങളും കയ്പേറിയ അനുഭവങ്ങളും നെഞ്ചുലച്ച ദുഃഖങ്ങളും അങ്ങനെ..... കഴിഞ്ഞ ദിനങ്ങൾ എങ്ങനെ ആയിരുന്നു.....? എന്തായിരുന്നു..?...എന്ത് നേടി.....?
നമ്മുടെ ആത്മീക നടത്തത്തെ കുറിച്ച് ചിന്തിക്കുമ്പോഴും, നമ്മൾ എവിടെയായിരുന്നെന്ന് തിരിഞ്ഞ് നോക്കാൻ സമയം എടുക്കേണ്ടത് അത്യാവശ്യമാണ്. കടന്നുപോയ കാലത്തെക്കുറിച്ച് ചിന്തിക്കുന്നവരാണ് നാം പലരും. ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കുകയല്ല വേണ്ടത്, മറിച്ച് ദൈവകൃപ എങ്ങനെ നമ്മെ നിലനിർത്തി, നമുക്ക് ദൈവത്തോടുള്ള വിശ്വാസത്തെ എങ്ങനെ രൂപപ്പെടുത്തി എന്ന് തിരിച്ചറിയുക.
മനുഷ്യരാണ് -തെറ്റുകളും പിഴകളും നമ്മുടെ ജീവിതത്തിൽ വന്നേക്കാം.അതോർത്ത് കുറ്റബോധം നിറഞ്ഞ് സമയം കളയുകയല്ല വേണ്ടത്. ഫിലി:3:13-14 ൽ പൗലോസ് നമ്മെ ഇപ്രകാരം ഓർമ്മിപ്പിക്കുന്നു; "എന്നാൽ ഒരു കാര്യം ഞാൻ ചെയ്യുന്നു: പിന്നിലുള്ളത് മറന്ന് മുന്നിലുള്ളതിലേക്ക് ആയാസപ്പെട്ടും, ദൈവം വിളിച്ച സമ്മാനം നേടുവാനുള്ള ലക്ഷ്യത്തിലേക്ക് ഞാൻ നീങ്ങുന്നു. ഞാൻ ക്രിസ്തുയേശുവിൽ സ്വർഗ്ഗത്തിലേക്ക്".
വിജയങ്ങളും പശ്ചാത്താപങ്ങളും നിറഞ്ഞ ഒരു ഭൂതകാലത്തിൽ നമുക്ക് തുടരാനാവില്ല. പകരം ആ അനുഭവങ്ങൾ നമ്മെ മുന്നോട്ടുള്ള യാത്രയ്ക്കായ് തയ്യാറാക്കുവാൻ അനുവദിക്കണം. ദൈവം നമുക്ക് കൂടുതൽ കാര്യങ്ങൾ കരുതി വെച്ചിരിക്കുന്നു എന്ന് വിശ്വസിക്കുക.
ഒരു പുതുവർഷം കൂടി നമുക്ക് മുന്നിൽ വരുമ്പോൾ ഓർക്കുക; കടന്നുപോയ ദിനങ്ങളിൽ സൂക്ഷിച്ച് വെച്ച 'അനുഭവങ്ങൾ മാത്രമാണ് നമുക്ക് കൂട്ട്. കുറവുകളെ മറക്കുക, നന്മ ചെയ്യുക, ദൈവത്തിൽ വിശ്വാസം അർപ്പിക്കുക, ദൈവത്തിനായ് സമയം കണ്ടെത്തുക.
യെശയ്യാവ് 43:18-19 ൽ "പണ്ടത്തെ കാര്യങ്ങൾ ഓർക്കരുത്, പഴയത് പരിഗണിക്കരുത് ഇതാ ഞാൻ ഒരു പുതിയ കാര്യം ചെയ്യുന്നു ഇപ്പോൾ അത് മുളച്ചു വരുന്നു. നിങ്ങൾ അത് മനസ്സിലാക്കുന്നില്ലേ ?".
കാത്തിരുപ്പിന്റെ ഈ യാത്ര ആരംഭിക്കുമ്പോൾ ഒന്നോർക്കുക; ദൈവം നമ്മെ എത്രത്തോളം കൊണ്ടുവന്നു എന്നും, ഭാവിയിൽ അവന്റെ ഉദ്ദേശ്യത്തിനായ് സ്വയം സമർപ്പിക്കാനും നമുക്ക് തായ്യാറെടുക്കാം.
ഇത്രത്തോളം ആക്കി തീർത്ത ദൈവത്തോട് നന്ദി പറയാം. സ്നേഹിച്ചവരോടും, സഹായിച്ചവരോടും, വേദനിപ്പിച്ചവരോടും, പരിഗണിച്ചവരോടും നന്ദി പറയാം.
നന്മകളും, ഐശ്വര്യവും നിറഞ്ഞ നല്ല നാളുകൾ നേർന്നു കൊള്ളുന്നു. പുതിയ വർഷത്തിൽ എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ..
ദൈവത്തിന്റെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ.
By
ക്രിസ്റ്റിനാ ഷാജി( Dubai)
Mission sagacity Volunteers
Comentarios