✨ *പ്രോത്സാഹജനകമായ ചിന്തകൾ* 😁
°•°•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°•°•
*★ യോസേഫിൻ്റെ ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ - 6*
*_ദൈവത്തിൻ്റെ സാന്നിധ്യം മനസ്സിലാക്കുന്നതിലു ള്ള ശക്തി_*
*ഉല്പത്തി 39:7-10*
_7 യോസഫ് കോമളനും മനോഹര രൂപിയും ആയിരുന്നത് കൊണ്ട് യജമാനന്റെ ഭാര്യ യോസഫിൽമേൽ കണ്ണു പതിച്ചു: എന്നോട് കൂടെ ശയിക്ക എന്നു പറഞ്ഞു.
_8 അവൻ അതിനു സമ്മതിക്കാതെ യജമാനന്റെ ഭാര്യയോട്: ഇതാ വീട്ടിൽ എന്റെ കൈവശമുള്ള യാതൊന്നും എന്റെ യജമാനൻ അറിയുന്നില്ല തനിക്കുള്ളതൊക്കെയും എന്റെ കയ്യിൽ ഏൽപ്പിച്ചിരിക്കുന്നു.
_9 ഈ വീട്ടിൽ എന്നെക്കാൾ വലിയവൻ ഇല്ല: നീ അവന്റെ ഭാര്യയാകയാൽ നിന്നെ അല്ലാതെ മറ്റു യാതൊന്നും അവൻ എനിക്കു വിരോധിച്ചിട്ടുമില്ല, അതുകൊണ്ട് ഞാൻ ഈ മഹാദോഷം പ്രവർത്തിച്ച് ദൈവത്തോട് പാപം ചെയ്യുന്നത് എങ്ങനെ എന്നു പറഞ്ഞു.
_10 അവൾ ദിനംപ്രതി യോസേഫിനോട് പറഞ്ഞിട്ടും അവളോട് കൂടെ ശയിക്കുവാനോ, അവളുടെ അരികിൽ ഇരിക്കുവാനോ അവൻ അവളെ അനുസരിച്ചില്ല._
നമ്മുടെ ജീവിതത്തിൽ ദൈവസാന്നിദ്ധ്യം തിരിച്ചറിയേണ്ടതിൻ്റെ പ്രാധാന്യവും ഈ അറിവിന് നമ്മെ പാപത്തിൽ നിന്ന് എങ്ങനെ തടയാൻ കഴിയുമെന്നും യോസേഫിൻ്റെ ജീവിതം എടുത്തുകാണിക്കുന്നു, പ്രത്യേകിച്ചും നീതിയുടെ പാതയിൽ നിന്നും വ്യതിചലിക്കുവാൻ പ്രലോഭനങ്ങൾ ഏറുന്ന ഈ കാലത്ത്.
പോത്തിഫറിൻ്റെ ഭാര്യ അവനെ വശീകരിക്കാൻ ശ്രമിച്ചപ്പോൾ, യോസേഫിൻ്റെ പ്രതികരണം എന്നത് ആ പ്രവൃത്തിയെ നിരാകരിക്കുക എന്നു മാത്രമല്ല, അത് പ്രതിനിധാനം ചെയ്യുന്ന പാപത്തെക്കുറിച്ചു കൃത്യമായി മനസ്സിലാക്കുക എന്നത് കൂടെ ആയിരുന്നു . ഒരു അന്യദേശത്ത് , തന്നെ അറിയാവുന്ന ആളുകളിൽ നിന്ന് അകന്ന്, പോത്തിഫറിൻ്റെ ഭാര്യയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങുന്നത്, പ്രീതി നേടാനും ഒരുപക്ഷേ തൻ്റെ സാഹചര്യം കൂടുതൽ മെച്ചപ്പെടുത്താനുമുള്ള ഒരു മാർഗമായി യോസേഫിന് കാണാമായിരുന്നു. യുക്തിസഹമായി ചിന്തിക്കുമ്പോൾ. എന്നിരുന്നാലും, ദൈവത്തിൻ്റെ സാന്നിധ്യം ഒരു പ്രത്യേക സ്ഥലത്തോ ആളുകളിലോ ഒതുങ്ങിനിൽക്കുന്നില്ലെന്ന് യോസേഫ് മനസ്സിലാക്കി. താൻ എവിടെയായിരുന്നാലും ദൈവത്തിൻ്റെ ദൃഷ്‌ടി തന്നിൽ ഉണ്ടെന്ന് അവനറിയാമായിരുന്നു. ദൈവത്തിൻ്റെ സർവ്വവ്യാപ്തിയെക്കുറിച്ചുള്ള ഈ ബോധം അവനെ പാപത്തിൽ നിന്ന് തടഞ്ഞു.
ദൈവത്തിൻ്റെ പാതയിൽ നിന്ന് നമ്മെ അകറ്റാൻ കഴിയുന്ന പ്രലോഭനങ്ങളാൽ നിരന്തരം ആക്രമിക്കപ്പെടുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. പൊരുത്തപ്പെടാനുള്ള സമ്മർദമ്മോ, അധാർമ്മികമായ പെരുമാറ്റത്തിലേക്ക് നയിക്കുന്ന സാധ്യതകളോ , അല്ലെങ്കിൽ ശാരീരിക മോഹങ്ങളുടെ വശീകരണത്തിന് വഴങ്ങേണ്ടി വരുന്ന അവസ്ഥയോ... എന്തുതന്നെയായാലും ദൈവസാന്നിദ്ധ്യം എല്ലായ്‌പ്പോഴും നമ്മോടൊപ്പമുണ്ടെന്ന് മനസ്സിലാക്കുന്നതാണ് പ്രതിരോധിക്കാനുള്ള താക്കോൽ. നാം ഇതിനെക്കുറിച്ച് ബോധവാന്മാരായിരിക്കുമ്പോൾ, മറ്റാരും അറിയില്ല എന്ന സാഹചര്യങ്ങളിൽ പ്പോലും, പാപത്തെ ന്യായീകരിക്കുവാൻ നാം ശ്രമിക്കില്ല.
അതെ, ദൈവത്തിൻ്റെ സാന്നിധ്യത്തെക്കുറിച്ചുള്ള നിശ്ചയം ശക്തിയുടെ ഉറവിടമാണ്. അത് പ്രലോഭനങ്ങളെ ചെറുക്കാനും ദൈവത്തോട് വിശ്വസ്തരായി നിലകൊള്ളാനും നമ്മെ പ്രാപ്തരാക്കുന്നു.
ദൈവത്തിൻ്റെ സാന്നിധ്യത്തെക്കുറിച്ചുള്ള അറിവോടെ ജീവിക്കേണ്ടതിൻ്റെ പ്രാധാന്യം അടിവരയിടുന്ന മറ്റ് ഉദാഹരണങ്ങൾ വേദ പുസ്തകം നൽകുന്നു. ഉദാഹരണത്തിന്, സങ്കീർത്തനം 139-ൽ, ദൈവത്തിൻ്റെ സാന്നിധ്യത്തിൽ നിന്ന് ഓടിപ്പോവാൻ ഒരിടമില്ലെന്ന് പ്രസ്താവിച്ചുകൊണ്ട്, ദൈവത്തിൻ്റെ സർവ്വവ്യാപ്തിയെക്കുറിച്ച് ദാവീദ് പ്രതിഫലിപ്പിക്കുന്നു. ഈ അവബോധം ദാവീദിനെ, ദൈവത്തിനു മുന്നിൽ മറവായി ഒന്നുമില്ല എന്ന ചിന്തയാൽ, ബത്ത്ശേബയെ ലഭിക്കാൻ വേണ്ടി ചെയ്ത പാപത്തിൽ നിന്ന് അനുതപിക്കാനും ദൈവമുമ്പാകെ സുതാര്യമായ ജീവിതം നയിക്കാനും സഹായിക്കുന്നു. സമാനമായി, ദാനീയേലിൻ്റെ അചഞ്ചലമായ വിശ്വാസവും ദൈവസാന്നിദ്ധ്യത്തിലുള്ള ഉറപ്പും അവനെ അപകടത്തിൽ നിന്ന് രക്ഷിച്ചു.
ദൈവത്തിൻ്റെ സാന്നിധ്യം മനസ്സിലാക്കുന്നത് വിശ്വസ്തതയുടെയും ഉത്തരവാദിത്തത്തിൻ്റെയും ഒരു ബോധം നൽകുന്നു. ദൈവം എപ്പോഴും നമ്മോടൊപ്പമുണ്ടെന്ന് തിരിച്ചറിയുമ്പോൾ, അത് നമ്മുടെ തീരുമാനങ്ങളെയും പ്രവർത്തനങ്ങളെയും ചിന്തകളെയും സ്വാധീനിക്കുന്നു. പരിശുദ്ധനും നീതിമാനുമായ ദൈവത്തിൻ്റെ സാന്നിധ്യത്തിൽ നാം നിരന്തരം ഉണ്ടെന്ന് അറിഞ്ഞുകൊണ്ട്, നമ്മുടെ പെരുമാറ്റത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുവായിത്തീരുന്നു. പ്രലോഭനങ്ങളോ വെല്ലുവിളികളോ നേരിടേണ്ടിവരുമ്പോൾപ്പോലും ഈ ബോധം ചിട്ടയായുള്ള ഒരു ജീവിതത്തിലേക്ക് നമ്മെ നയിക്കുന്നു. അവിടെ നമ്മുടെ പ്രവർത്തനങ്ങൾ ദൈവഹിതവുമായി പൊരുത്തപ്പെടുന്നു.
കൂടാതെ, ദൈവത്തിൻ്റെ സാന്നിധ്യം തിരിച്ചറിയുന്നത് പ്രയാസകരമായ സമയങ്ങളിൽ ആശ്വാസവും ഉറപ്പും നൽകുന്നു. യോസേഫിൻ്റെ ജീവിതം, തൻ്റെ സഹോദരങ്ങളാൽ അടിമത്തത്തിലേക്ക് വിറ്റത് മുതൽ കള്ള സാക്ഷ്യം ചുമത്തി തടവിലാക്കപ്പെടുന്നത് വരെയുള്ള പരീക്ഷണങ്ങളാൽ നിറഞ്ഞതായിരുന്നു. എന്നിരുന്നാലും, എല്ലായിടത്തും, ദൈവം തന്നോടൊപ്പമുണ്ടെന്ന് യോസേഫിന് അറിയാമായിരുന്നു, ഈ അറിവ് സഹിഷ്ണുത ശീലിക്കുവാനും, വിശ്വസ്തനായി തുടരാനുമുള്ള ശക്തി അവനു നൽകി. ഇന്ന് നമുക്കും അങ്ങനെതന്നെ; ദൈവം എപ്പോഴും നമ്മോടൊപ്പമുണ്ടെന്ന് മനസ്സിലാക്കുമ്പോൾ, അവൻ നമ്മെ ഒരിക്കലും കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ല എന്നറിഞ്ഞുകൊണ്ട് നമുക്ക് ഏത് സാഹചര്യത്തെയും ആത്മവിശ്വാസത്തോടെ നേരിടാൻ കഴിയും.
അവസാനമായി , ഉല്പത്തി 39:7-10-ലെ പോത്തിഫറിൻ്റെ ഭാര്യയോടുള്ള യോസേഫിൻ്റെ പ്രതികരണം നമ്മുടെ ജീവിതത്തിൽ ദൈവത്തിൻ്റെ സാന്നിധ്യം മനസ്സിലാക്കേണ്ടതിൻ്റെ പ്രാധാന്യത്തിൻ്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ്. ഈ അവബോധമാണ് നമ്മെ പാപത്തിൽ നിന്ന് അകറ്റുന്നതും, നമ്മുടെ പ്രവർത്തനങ്ങളെ നയിക്കുന്നതും, കഷ്ടകാലങ്ങളിൽ ശക്തിയും ആശ്വാസവും നൽകുന്നതും. യോസേഫും ദാവീദും ദാനിയേലും ദൈവത്തിൻ്റെ സാന്നിധ്യത്തെക്കുറിച്ചുള്ള അറിവോടെ ജീവിച്ചതുപോലെ, ഈ സത്യത്തിൻ്റെ വെളിച്ചത്തിൽ ജീവിതം നയിക്കാൻ നാമ്മും വിളിക്കപ്പെട്ടിരിക്കുന്നു. അത് നമ്മുടെ തീരുമാനങ്ങളെ രൂപപ്പെടുത്താനും നമ്മെ നീതിയുടെ പാതയിലേക്ക് നയിക്കാനും അനുവദിക്കുന്നു.
* *ഒരു സംക്ഷിപ്ത വീക്ഷണം:**
¶ *ദൈവത്തിൻ്റെ സാന്നിദ്ധ്യം എല്ലായിടത്തും ഉണ്ട്:* യോസേഫിനെപ്പോലെ, നാം എവിടെയായിരുന്നാലും ഏത് സാഹചര്യം നേരിട്ടാലും ദൈവം എപ്പോഴും നമ്മോടൊപ്പമുണ്ടെന്ന് നാം തിരിച്ചറിയണം. ഈ അവബോധം നമ്മുടെ തീരുമാനങ്ങളെയും പ്രവർത്തനങ്ങളെയും സ്വാധീനിക്കണം.
¶ *എല്ലാ സാഹചര്യങ്ങളിലും സത്യസന്ധത:*
വീട്ടിൽ നിന്നും കുടുംബത്തിൽ നിന്നും അകന്നപ്പോഴും യോസേഫ് തൻ്റെ നിർമലത കാത്തുസൂക്ഷിച്ചു. ബാഹ്യ സമ്മർദങ്ങൾ വകവെക്കാതെ ദൈവിക പ്രമാണങ്ങളിൽ ഉറച്ചു നിൽക്കാൻ നാമും വിളിക്കപ്പെട്ടിരിക്കുന്നു.
¶ *പ്രലോഭനത്തിലെ ശക്തി:*
ദൈവത്തിൻ്റെ സാന്നിധ്യം മനസ്സിലാക്കുന്നത് പ്രലോഭനത്തെ ചെറുക്കാൻ ആവശ്യമായ ശക്തി നൽകുന്നു
*📖 ഈ ദിനത്തെ വേദഭാഗങ്ങൾ 📖*
*സദൃശവാക്യങ്ങൾ 15:3*
_ യഹോവയുടെ കണ്ണ് എല്ലായിടവും ഉണ്ട്: ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു._
*സങ്കീർത്തനങ്ങൾ 119:11*
_ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിൻ്റെ വചനത്തെ എൻ്റെ ഹൃദയത്തിൽ സംഗ്രഹിച്ചിരിക്കുന്നു._
🙏🙏🙏🙏🙏🙏🙏
Writer::: Sis Shincy Jonathan Australia 🇦🇺
Translation:: Sis Acsah Nelson
Mission sagacity Volunteer
コメント